ഒരു രാശിയിൽ ഏറ്റവും കൂടുതൽ കാലം നിൽക്കുന്ന ഗ്രഹമാണ് ശനി. അനുകൂലമല്ലാത്ത സ്ഥാനങ്ങളിൽ ശനി നിൽക്കുന്നതിനെയാണു കണ്ടകശ്ശനി, ഏഴരശ്ശനി എന്നിങ്ങനെ പറയുന്നത്.
ഏഴരശ്ശനി
ഒരാളുടെ ജാതകത്തിൽ ചന്ദ്രൻ നിൽക്കുന്ന രാശിയുടെ പന്ത്രണ്ടിലും, ചന്ദ്രൻ നിൽക്കുന്ന രാശിയിലും, അതിൻ്റെ രണ്ടാം രാശിയിലും ശനി സഞ്ചരിക്കുന്ന കാലത്തെയാണ് ഏഴരശ്ശനിയെന്നു പറയുന്നത്. മേൽപ്പറഞ്ഞ ഓരോ രാശികളിലും 2 ½ (രണ്ടര) വർഷം വീതം മൂന്നു രാശികളിലും കൂടി ആകെ 7 ½ (2 ½+ 2 ½+ 2 ½= 7 ½) വർഷം നിൽക്കുന്നതുകൊണ്ടാണ് ഏഴരശ്ശനിയെന്നു പേരുവരാനിടയായത്.
ഏഴരശ്ശനിക്കാലം പൊതുവേ ഒരാൾക്ക് കഷ്ടകാലം ആണന്ന് പ്രസിദ്ധമാണല്ലോ. ഈ ഏഴരവർഷത്തിനിടയ്ക്ക്
- ശനി 12-ൽ നിൽക്കുന്നതായ ആദ്യത്തെ രണ്ടരവർഷകാലത്ത് ജാതകനു രോഗവും അധികം ചെലവും മനസ്സിനു അസ്വാസ്ഥ്യവും, സ്ഥാനചലനവും ഉണ്ടാകും.
- ശനി ജന്മരാശിയിൽ, അതായത് ചന്ദ്രൻ നിൽക്കുന്ന രാശിയിൽ സഞ്ചരിക്കുമ്പോൾ ശരീരശോഭ നശിക്കുകയും കാര്യങ്ങൾക്കൊക്കെ കുഴപ്പവും, നാശവും വരികയും കളത്രദുരിതങ്ങൾ ഉണ്ടാവുകയും ഒരിക്കലും സ്വസ്ഥത ഇല്ലാതിരിക്കുകയും ചെയ്യും.
- ശനി ജന്മരാശിയുടെ രണ്ടിൽ നിൽക്കുമ്പോൾ സ്വജനങ്ങളുമായി കാരണം കൂടാതെ കലഹിക്കുകയും താൻ ഏർപ്പെടുന്ന പ്രവർത്തികളിലൊക്കെ തോൽവി പററുകയും ധനനാശം ഉണ്ടാവുകയും ചെയ്യും.
ഒരാളുടെ ജീവിതത്തിൽ സാധാരണയായി മൂന്നു തവണ ഏഴരശ്ശനി വരാവുന്നതാണ്. ഇതിൽ
- ആദ്യത്തെ തവണ മിക്കവാറും വളരെ കഷ്ടങ്ങൾ അനുഭവിപ്പിക്കും.
- രണ്ടാമത്തെ തവണ മിക്കവാറും ജാതകന് വലിയ ദോഷം ചെയ്യാതെ തന്നെ കഴിയും. അതുകൊണ്ടു രണ്ടാമത്തെ ഏഴരശ്ശനി നിരുപദ്രവകാരിയാണ്.
- മൂന്നാമത്തെ ഏഴരശ്ശനികാലത്ത് മരണം സംഭവിക്കുക എന്നത് സാധാരണമാണ്. വളരെ അപൂർവ്വം ആളുകൾ മാത്രമേ മൂന്നാമത്തെ ഏഴരശ്ശനിക്കപ്പുറം ജീവിച്ചിരിക്കുകയുള്ളൂ.
ഒരാളുടെ ജാതകത്തിൽ ഗ്രഹനില അനുസരിച്ച് ഫലം പറയാൻ ശ്രമിക്കുമ്പോൾ അയാൾക്ക് ഏഴരശ്ശനിക്കാലമാണോ എന്നു കൂടി നോക്കേണ്ടതുണ്ട്. ജാതകത്തിലെ ഗ്രഹനിലയും ദശ മുതലായതും അനുസരിച്ച് ഭാഗ്യകാലമാണെങ്കിലും അപ്പോൾ ഏഴരശ്ശനി കൂടിയുണ്ടങ്കിൽ ജാതകവശാലുള്ള ഭാഗ്യങ്ങൾ അനുഭവിക്കുന്നതോടുകൂടി തന്നെ ഏഴരശ്ശനി സംബന്ധമായ മോശം ഫലങ്ങളും കൂടി അനുഭവിക്കേണ്ടിവരും.
കണ്ടകശ്ശനി
ഒരാളുടെ ജനന രാശിയെ ആണ് ജ്യോതിഷക്കാർ ലഗ്നം എന്ന്പറയുന്നത്.ചന്ദ്രലഗ്നത്തിൽ നിന്നു 4,7,10 ഈ സ്ഥാനങ്ങളിൽ ശനി സഞ്ചരിക്കുന്ന കാലമാണ് കണ്ടകശ്ശനി എന്നു പറയുന്നത്. ഇത് ഏഴരശ്ശനി പോലെ അത്ര കഷ്ടമല്ല. കണ്ടകശ്ശനിയുടെ പ്രധാന ഫലം സ്ഥാനചലനവും അലച്ചിലും ഉണ്ടാക്കുകയാണ്. ഇതിൽ
- നാലാം സ്ഥാനത്തുള്ള കണ്ടകശ്ശനിക്കാലത്ത് താമസിക്കുന്ന വീട്ടിൽ നിന്നും മറെറാരിടത്തു പോയി പാർക്കേണ്ടിവരിക പതിവാണ്.ശാരീരിക ബുദ്ധിമുട്ടുകൾ ഇക്കാലത്ത് ഉണ്ടാവുക സാധാരണമാകുന്നു.
- ഏഴാം സ്ഥാനത്തുള്ള കണ്ടകശ്ശനിക്കാലത്തു സ്വന്തം നാട്ടിൽ നിന്നും അന്യനാട്ടിൽ പോകേണ്ടിവരും. ഇതിന്റെ കൂടെ ചരരാശിയും കൂടെയാണെങ്കിൽ ഈ ഫലം തീർച്ചയായും അനുഭവിക്കും.
- പത്താം സ്ഥാനത്തിലെ കണ്ടകശ്ശനി ഉദ്യോഗസംബന്ധമായോ, തൊഴിൽ സംബന്ധമായോ ചലനവും ചിലപ്പോൾ താഴ്ചയും ഉണ്ടാ ക്കിയേക്കും.
അഷ്ടമ ശനി
ശനി എട്ടിൽ സഞ്ചരിക്കുന്നതിനെ അഷ്ടമ ശനി എന്നും പറയുന്നു.
ശനിദോഷത്തിനായി ചെയ്യാവുന്ന പരിഹാരങ്ങൾ
ജോതിഷ പ്രകാരം ശനിയുടെ അധിദേവതയാണ് ശാസ്താവ്. ശാസ്താവിനെ ഭജിക്കുന്നതിലൂടെ ശനിദോഷത്തിൽ നിന്ന് മുക്തി ലഭിക്കും.ശനിയുടെ പ്രീതിക്കായി ശനീശ്വര പൂജ നടത്താം. ശനീശ്വര മന്ത്രം ജപിക്കുന്നതും ഉത്തമമാണ്. ശനിയാഴ്ച വ്രതം നോല്‍ക്കുന്നതും ഗുണം ചെയ്യും.നവഗ്രഹ പ്രതിഷ്ഠ പ്രത്യേകിച്ച് ഇല്ലാത്ത ക്ഷേത്രങ്ങളില്‍ ശനിക്കു വേണ്ടിയുള്ള പൂജ ശാസ്താവിനോ പരമശിവനോ ആണ് നല്‍കേണ്ടത്.ശനീശ്വരൻ്റെ വാഹനമാണ് കാക്ക. ശനിയാഴ്ച കാക്കയ്ക്ക് ചോറ് കൊടുത്താൽ ശനിദോഷം മാറും എന്നാണ് വിശ്വാസം
- പ്രധാനമായും ശനിയാഴച ദിവസം ശാസ്താ ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തുകയും
- നീരാജ്ഞനം
- എള്ള് തിരി വിളക്ക്
- എള്ള് പായസം, തുടങ്ങിയ വഴിപാടായി സമര്‍പ്പിക്കുക.
- മൃത്യുഞ്ജയഹോമം നടത്തുക
ഈ ദിവസം ഉപവാസം അനുഷ്ഠിക്കുന്നതും ഉത്തമമാണ്. കറുപ്പ്, നീല എന്നീ വസ്ത്രങ്ങള്‍ ഈ ദിനം ധരിക്കുക.ഹനുമാനെ ഭജിക്കുന്നതിലൂടെ ശനിദോഷമകറ്റാൻ സാധിക്കും. ഹനുമാന് വെറ്റിലമാല വഴിപാടായി സമര്‍പ്പിക്കുക.
ശാസ്താ മന്ത്രം
“ഭൂതനാഥ സദാനന്ദ സർവഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോനമഃ”
ശനി സ്തോത്രം
“നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം”