ശ്രീ കൃഷ്ണസ്തുതി 1
എന്നുള്ളിൽ മേവുന്ന ദൈവമേ കൃഷ്ണാ
നിൻപാദപങ്കജം ശരണം ശ്രീകൃഷ്ണ
ഇപ്രപഞ്ചത്തിൻറെ നാഥനാം ദേവാ
എപ്പോഴുമാനന്ദം നൽകണം കൃഷ്ണാ
(എന്നുള്ളിൽ)
ധർമ്മധരിത്രിയിൽ ഭാരതഭൂവിൽ
ധർമ്മരക്ഷാത്ഥമവതാരമാർന്ന
നിർമ്മലാ ദേവകിനന്ദനാ കൃഷ്ണാ
ധർമ്മസംരക്ഷകാ ദേവാ മുകുന്ദ
(എന്നുള്ളിൽ)
ശിഷ്ടരെ രക്ഷിപ്പതിന്നുധർമ്മ
ദുഷ്ടനൃപന്മാരെ നിഗ്രഹിപ്പാനും
ശ്രീ മധുരാപുരിതന്നിൽ പിറന്ന
ശ്രീവാസുദേവാ ഭഗവാനെ കൃഷ്ണാ
(എന്നുള്ളിൽ)
ചെമ്മേ കളിച്ചും രസിച്ചും രമിച്ചും
ചങ്ങാതിമാരൊത്തു ഗോക്കളെമേച്ചും
അമ്മമാർക്കാനന്ദ വർഷം ചൊരിഞ്ഞും
സമ്മോദമോടു വസിച്ച ശ്രീകൃഷ്ണാ
(എന്നുള്ളിൽ)
വേണുരാദത്താൽ മൃഗപക്ഷികൾക്കും
വ്രീളാക്ഷിമാരായ ഗോപികമാർക്കും
ഗോപാല ബാലന്മാർക്കുമാനന്ദം
ഗോകുലേ നൽകി വസിച്ച ശ്രീകൃഷ്ണാ
(എന്നുള്ളിൽ)
പാലും നവനീതവും കവർന്നുണ്ടും
ചാലേ വിനോദരസങ്ങൾ കൈകൊണ്ടും
പാലാഴി മങ്കമാർക്കാനന്ദമേകി
പാരിൽ വസിച്ച ഭഗവാനെ കൃഷ്ണാ
(എന്നുള്ളിൽ)
വാപിളർന്നീലോകമെല്ലാമെശോദാ
ദേവിക്കു കാട്ടിക്കൊടുത്ത കാർവർണ്ണാ
ഭൂദേവിതൻതാപമെല്ലാമകറ്റാൻ
ഭൂമിയിൽ വന്നു പിറന്ന ശ്രീകൃഷ്ണാ
(എന്നുള്ളിൽ)
കാളിയ ദർപ്പുമശേഷമൊഴിച്ച്
കാളിന്ദി തൻജലം പാവനമാക്കി
കാളിന്ദി തന്നിൽ കളിച്ചുരസിച്ച
കാളിയ മദ്ദനാ കാർമുകിൽ വർണ്ണാ
(എന്നുള്ളിൽ)
സർവ്വാത്മനാ ലയിച്ചങ്ങയെ പ്രാർത്ഥി-
ചുർവ്വിയിലാനന്ദമോടു വസിക്കാൻ
അൽപ്പവും കോപമില്ലാതെ ജീവിക്കാ-
നെപ്പൊഴുമെന്നെയനുഗ്രഹിക്കേണം
(എന്നുള്ളിൽ)
സ്നേഹമതൊന്നുതാനീലോകമെല്ലാം
പാവനമാക്കുന്ന ജീവിതമന്ത്രം
സ്നേഹമാനന്ദം വിനയമിത്യാദി
സൽഗുണമേകണേ വിഷ്ണോ മുകുന്ദാ
(എന്നുള്ളിൽ)
ഭക്ത കുചേലനു സൗഭാഗ്യമേകി
കബ്ജർക്കഭീഷ്ടങ്ങളൊക്കെയും നൽകി
ഭക്തർ തൻ ഹൃത്തിൽ വസിക്കുന്ന ദേവാ
സച്ചിദാനന്ദ സ്വരൂപനാം കൃഷ്ണാ
(എന്നുള്ളിൽ)
ദുഷ്ടദുശാസനഭീതിയകറ്റി
ദ്രൗപതിദേവിക്കുടുവസ്ത്രമേകി
ഉദ്ധവർക്കാത് മോപദേശം ചൊരിഞ്ഞ
ഭക്തിപ്രിയാ ഭവനാശനാ കൃഷ്ണാ
(എന്നുള്ളിൽ)
ബ്രഹ്മചര്യാ വ്രതനിഷ്ഠയും വേണം
കർമ്മത്തിലുൽസാഹബുദ്ധിയും വേണം
നർമ്മബോധം ദയ സൗന്ദര്യബോധം
നല്ല ക്ഷമാശക്തി നൽകണം കൃഷ്ണാ
(എന്നുള്ളിൽ)
പാർത്ഥനെ കർമ്മോൽ സുകനാക്കി മാറ്റാൻ
പാർത്തലേ ജ്ഞാനാമൃതം പകർന്നീടാൻ
തേർത്തട്ടിൽ ഗീതോപദേശം ചൊരിഞ്ഞ
പാർത്ഥസഖേ ഭഗവാനെ ശ്രീകൃഷ്ണാ
(എന്നുള്ളിൽ)
ലക്ഷ്മി സമേതനായ് വാഴുന്നദേവാ
ഐശ്വര്യമേകണേ ശ്രീവാസുദേവാ
എൻഭവനത്തിലുമെത്തണമെന്നും
അമ്പുള്ളദർശനമാത്മീയനാഥാ
(എന്നുള്ളിൽ)
ശ്രീ കൃഷ്ണസ്തുതി 2
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ
കരിമുകിൽവർണ്ണൻറെ തിരുവുടലെന്നുടെ
അരികിൽ വന്നെപ്പോഴും കാണാകേണം
(കൃഷ്ണാ)
കാലിൽ ചിലമ്പും കിലുക്കി നടക്കുന്ന
ബാലഗോപാലനെ കാണാകേണം
(കൃഷ്ണാ)
കിങ്ങിണിയും വള മോതിരവും ചാർത്തി
ഭംഗിയോടെ മുമ്പിൽ കാണാകേണം
(കൃഷ്ണ)
കീർത്തി ഏറീടും ഗുരുവായൂർ മേവുന്നോ-
രാർത്തിഹരൻതന്നെ കാണാകേണം
(കൃഷ്ണാ)
കൂത്താടീടും പശുക്കുട്ടികളുമായിട്ടൊത്തു
കളിപ്പതും കാണാകേണം
(കൃഷ്ണാ)
കെട്ടിയിട്ടിടുമുരലും വലിച്ചങ്ങു
മുട്ടുകുത്തുന്നതും കാണാകേണം
(കൃഷ്ണാ)
കേകീകളെപ്പോലെ നൃത്തമാടീടുന്ന
ബാലഗോപാലനെ കാണാകേണം
(കൃഷ്ണാ)
കൈകളിൽ ചന്ദ്രനെ മെല്ലെ വരുത്തിയ
ലോകൈകനാഥനെ കാണാകേണം
(കൃഷ്ണാ)
കൊഞ്ചിക്കൊണ്ടോരോരോ വാക്കരുളീടുന്ന
ചഞ്ചലനേത്രനെ കാണാകേണം
(കൃഷ്ണാ)
കോലും കുഴലുമെടുത്തു വനത്തിൽ പോയ്
കാലിമേയ്ക്കുന്നതും കാണാകേണം
(കൃഷ്ണാ)
കൗതുകമേറിയോരുണ്ണിശ്രീകൃഷ്ണൻറ
ചേതോഹരരൂപം കാണാകേണം
(കൃഷ്ണാ)
കംസസഹോദരിതന്നിൽ പിറന്നൊരു
വാസുദേവൻതന്നെകാണാകേണം
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ