വല്ക്കലേശ്വരി ശാരദേ പാഹിമാം
വല്ക്കലേശ്വരി ശാരദേ പാഹിമാം
വല്ക്കലേശ്വരി ശാരദേ പാഹിമാം
തമ്പുരാട്ടി സരസ്വതി, പാഹിമാം
അൻപത്തൊന്നെഴുത്താകും ഗൃഹത്തിങ്ക-
ലിമ്പമോടെ വസിക്കും മഹേശ്വരീ,
തുമ്പമെല്ലാമകറ്റിത്തരുന്നൊരെൻ
തമ്പുരാട്ടി സരസ്വതീ, പാഹിമാം
ആദിനാരായണൻ മുതലേവരും
ഖേദമെന്യേ ഭജിക്കുന്ന നിന്നെ ഞാൻ
സാദരം തൊഴുതീടുന്നു സാമ്പ്രതം
ഖേദനാശിനി ശാരദേ, പാഹിമാം
ഇക്ഷിതിതന്നിലാരും കുമാരികെ
ശിക്ഷയേൽക്കുന്നു നിന്നെത്തൊഴായ്കയാൽ
പക്ഷപാതം തരിമ്പുമില്ലാത്തൊരെൻ
സാക്ഷിരൂപിണി ശാരദേ, പാഹിമാം
ഈ ജഗത്തിങ്കലെല്ലാം വിളങ്ങുമീ–
മോടിയെല്ലാം വിചാരിച്ചു കാൺകിലോ
കേടകററുന്ന നിൻ്റെ വിലാസമാം
പാടിമേവും സരസ്വതീ, പാഹിമാം
ഉല്ലസിക്കുന്നു വിദ്യാസ്വരൂപമേ
അല്ലലില്ലാതെയല്ലാരുമെപ്പൊഴും
ഇല്ല നീയില്ലയെങ്കിൽ എല്ലാം തുലഞ്ഞിടും
മല്ലലോചനേ ശാരദേ, പാഹിമാം
ഊക്കു ചേരുന്ന മല്ലനും വാളുമീ-
ന്നൊക്കുമോ തൂവൽ തന്നോടു മല്ലിടാൻ?
നോക്കുകിൽ പേന രാജ്യം ഭരിക്കുന്ന
നീക്കമെന്യേ മഹേശ്വരി ശാരദേ
എത്ര ദുഃഖത്തിലാഴ്ന്നീടിലും മമ
ചിത്തമെപ്പോഴും നിന്നിലായീടണം,
എത്രനാളിരുന്നാലും സദാപി ഞാൻ
സത്യരൂപിണീ, നിന്നെ ഭജിക്കണം
ഏവനും നിൻ കടാക്ഷമില്ലായ്കിലോ
സേവകത്വത്തിലാണ്ടുപോമെപ്പോഴും
സേവിച്ചീടുവാൻ നീ തന്നെ യോഗ്യമാം
ശ്രീഗിരീശ്വരി ശാരദേ, പാഹിമാം
ഐക്യഭാവേന നിന്നെ സ്മരിച്ചിടും
മുക്ത തേജസ്സുകൾക്കെന്തു ദുർലഭം
തൃക്കടക്കണ്ണിനെന്നെയൂണാക്കണം
വല്ക്കലേശ്വരീ ശാരദേ, പാഹിമാം.
ഒക്കെയും പാത്തു നോക്കുന്ന നേരമെൻ
ഭക്തവത്സലേ സ്വപ്നസമാനമാം
ഇക്കണക്കെന്നെ മോഹിപ്പിയായ്ക നീ
വല്ക്കലേശ്വരി ശാരദേ, പാഹിമാം,
ഔഷധങ്ങളിൽ പേരാണ്ടതോർക്കിലൊ
ഏഷണാത്രയം നീക്കുന്ന ബോധമാം
തോഷമോടെ എനിക്കായ്കതേകീടണം
ദോഷനാശിനീ ശാരദേ, പാഹിമാം
അമ്മയെന്നിൽ കനിഞ്ഞിടുമെങ്കില്ലൊ
കന്മഷാപഹം ദുദ്ധം നുകർന്നു ഞാൻ
നന്മചേർന്നു വസിച്ചീടുമെപ്പോഴും
ജന്മനാശിനി ശാരദേ പാഹിമാം
അല്ലയോ നീ സമസ്തലോകത്തിനും
നല്ല നാരായ വേരെൻ്റെ ശാശ്വതേ
അല്ലലുണ്ടോ തവാശ്രിതർക്കോർക്കുകിൽ
വല്ലേശ്വരി ശാരദേ പാഹിമാം
വല്ക്കലേശ്വരി ശാരദേ പാഹിമാം
വല്ക്കലേശ്വരി ശാരദേ പാഹിമാം
വല്ക്കലേശ്വരി ശാരദേ പാഹിമാം
തമ്പുരാട്ടി സരസ്വതി , പാഹിമാം